മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും

 

 

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി.

തുടര്‍ന്ന് രാത്രിയില്‍ ശരംകുത്തിയിലേക്ക് ഏഴുന്നള്ളത്ത് നടന്നു. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്. ഇന്ന് രാത്രി ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ തീര്‍ത്ഥാടകർക്കുള്ള ദര്‍ശനം പൂര്‍ത്തിയാകും. ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 147 കോടി രൂപയാണ്. നാളെ പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും. പരമ്പരാഗത കാനനപാതയിലൂടെയാണ് മടക്കയാത്ര . കുംഭമാസ പൂജകള്‍ക്കായി ഇനി ഫെബ്രുവരി 12നാണ് നട തുറക്കുക.