സാനിയ മിര്‍സ ടെന്നീസ് കോര്‍ട്ട് വിടുന്നു

ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കുമെന്ന് സാനിയ മിര്‍സ വ്യക്തമാക്കി. 2022 ആസ്ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ട് തോല്‍വിക്ക് പിന്നാലെയാണ് വിരമിക്കല്‍ കാര്യം പ്രഖ്യാപിച്ചത്. ‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ ‘ഇഎസ്പിഎന്നി’നോട് സ്ഥിരീകരിച്ചു. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിള്‍സില്‍ 27ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവില്‍ 68ാം റാങ്കിലാണ് സാനിയ 2016 ന് ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്.