ഇന്ന് അവലോകന യോഗം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടുന്ന സാഹചര്യത്തില്‍ അവലോകന യോഗം ഇന്ന്ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനം ഉണ്ടാകും. സ്‌കൂളുകള്‍ക്ക് പിന്നാലെ കോളെജുകളും അടയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് മൂന്നാം തരംഗം കുതിച്ചുയരുകയാണ്. ഏറെ നാളിന് ശേഷം ഇന്നലെ പ്രതിദിന കേസുകള്‍ മുപ്പതിനായിരം കടന്ന് 34199ലെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 കടന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത് നാലിരട്ടിയോളം വര്‍ധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ രോഗവ്യാപനം തീവ്രമാണ്. കഴിഞ്ഞ രണ്ട് തരംഗങ്ങളിലെ പോലെ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. സ്ഥിതി ഗുരുതരമെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കനത്ത ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാകും ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം.

ഫെബ്രുവരി പകുതിക്ക് മുന്‍പ് രോഗവ്യാപനം പാരമ്യത്തില്‍ എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അത് മുന്നില്‍ ക്കണ്ടുള്ള നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണ്. പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടവും മറ്റും നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണ്. വാരാന്ത്യ ലോക് ഡൗണ്‍, രാത്രി കാല യാത്രാ നിരോധനം എന്നിവ ഉണ്ടാകാനാണ് സാധ്യത. സ്വകാര്യ വാഹനങ്ങളിലെ അടക്കം യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വന്നേക്കും. അമേരിക്കയില്‍ ചികിത്സയില്‍ ഉള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് 120 ലേറെ കസ്റ്ററുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനിലേക്ക് മാറുകയാണ്. കോളെജുകളും അടച്ച് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുന്നത് പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഇതിനോടകം പല കോളെജുകളും ക്ലസ്റ്റര്‍ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.