കേരളം- യുഎഇ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

അബുദാബി അവധിക്കു നാട്ടിലേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചു. യുഎഇ-കേരള സെക്ടറില്‍ 3000-8300 രൂപ വരെയും കേരള-യുഎഇ സെക്ടറില്‍ 3000-6000 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. വിഷു, റമസാന്‍, പെരുനാള്‍ എന്നിവ പ്രമാണിച്ച് നിരക്ക് ഇനിയും കൂടുമെന്നാണു സൂചന. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും സ്‌കൂള്‍ അവധിയും ദുബായ് എക്‌സ്‌പോ തീരുന്നതും മൂലം യാത്രക്കാരുടെ എണ്ണം കൂടിയതാണ് നിരക്കു വര്‍ധിക്കാന്‍ കാരണം. 27 മുതല്‍ രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നതോടെ നിരക്കു കുറയുമെന്ന് പ്രതീക്ഷിച്ച പ്രവാസികളെ നിരാശരാക്കുന്നതാണ് എയര്‍ലൈനുകളുടെ നടപടി.

യുഎഇയില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തെ അവധി ലഭിച്ചതോടെ പലരും കുടുംബമായി നാട്ടിലേക്കു പോകാന്‍ തുടങ്ങിയിരുന്നു. നാട്ടില്‍ 2 മാസത്തേക്കു സ്‌കൂള്‍ അടയ്ക്കുന്നതോടെ യുഎഇയിലേക്കു വരുന്ന കുടുംബങ്ങളുടെ എണ്ണവും കൂടും. വിഷു, റമസാന്‍, പെരുന്നാള്‍ തുടങ്ങി ആഘോഷ വേളകളില്‍ യാത്രക്കാരുടെ തിരക്കു മുന്നില്‍കണ്ട് ഓണ്‍ലൈനില്‍ നിരക്ക് കൂട്ടിവച്ചിരിക്കുകയാണ് എയര്‍ലൈനുകള്‍. കഴിഞ്ഞ ആഴ്ച യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിവിധ സെക്ടറിലേക്ക് വണ്‍വേയ്ക്ക് 350 ദിര്‍ഹത്തിന് (7262 രൂപ) കിട്ടിയിരുന്ന ടിക്കറ്റിനിപ്പോള്‍ ചില എയര്‍ലൈനുകളില്‍ 150 മുതല്‍ 700 ദിര്‍ഹം (14525 രൂപ) വരെ ഉയര്‍ത്തി. വിമാന ഇന്ധന വില ഉയര്‍ന്നതും കഴിഞ്ഞ 2 വര്‍ഷങ്ങളിലെ നഷ്ടവും നികത്താന്‍ മറ്റു വഴികളില്ലെന്നാണ് എയര്‍ലൈനുകളുടെ നിലപാട്.