കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി മഹാരാഷ്ട്രയും ബംഗാളും

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ് മഹാരാഷ്ട്രയും പശ്ചിമബംഗാളും. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് നടപടി. മറാത്തി പുതുവര്‍ഷാഘോഷത്തിന് സംസ്ഥാനം ഒരുങ്ങുന്നതിനിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെയായിരുന്നു പശ്ചിമബംഗാളിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലെന്നും അതേസമയം മാസ്‌ക് ധരിക്കാനുള്ള ഉപദേശം നിലനില്‍ക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ആള്‍കൂട്ട നിയന്ത്രണങ്ങളും എടുത്തു കളഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയന്ത്രണങ്ങള്‍ എടുത്തു കളയാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപെ പറഞ്ഞു.